കേന്ദ്രത്തിനെ തിരെ MP മാർ ഉൾപ്പെടെ ഭീമ ഹരജിയുമായ് പോവുന്നതും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും ലക്ഷദ്വീപിന്റെ വികസനം തകർക്കാൻ.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സിനിമാക്കാരെല്ലാം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ലക്ഷദ്വീപിൽ പക്ഷെ സിനിമ കാണിക്കുന്ന ഒരു തിയേറ്റർ പോലുമില്ലെന്ന് അറിയുമോ? ഹൈടെക് വികസനം മുന്നിൽ കണ്ടു കൊണ്ട് തന്നെയാണ് കേന്ദ്ര ഗവ: മെന്റ് അത്തരത്തിലുള്ള വലിയ മാറ്റങ്ങൾക്കായി മുന്നോട്ടുവന്നിട്ടുള്ളത്. ടൂറിസത്തിന്റെ വലിയ സാധ്യതയും അവിടത്തെ ജനതയുടെ നിലവാരവും കുത്തനെ ഉയരുകയാണ് ചെയ്യുക കോടികളുടെ പ്രാജക്ടുകൾ ലക്ഷദ്വീപിൽ കൊണ്ടുവരാൻ കേന്ദ്രം ഒരുങ്ങുമ്പോൾ ഒരു വികസനവും വേണ്ടാ എല്ലാം പഴയപടി മതി എന്നു പറയുന്നത് തികച്ചും തെറ്റായ തീരുമാനമാണ്. അതിന് കേന്ത്രം നിന്ന് കൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
തീർച്ചയായും ലക്ഷദ്വീപ് വിഷയത്തിൽ ഒരു മറുപക്ഷ വീക്ഷണമാണ് ഞാൻ പറയാൻ ശ്രമിക്കുന്നത്.
എന്നാൽ രാഷ്ട്രീയമായ നിക്ഷിപ്ത താല്പര്യങ്ങൾ മാറ്റി വെച്ച് ആലോചിച്ചാൽ നിങ്ങൾക്കുമതിൽ ന്യായം കാണാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്.
നിങ്ങൾ എപ്പോളെങ്കിലും ആലോചിച്ചിട്ടുണ്ടോ ലക്ഷദ്വീപിലെ ഒരു ചെറുപ്പക്കാരന്റെ ഭാഗത്ത് നിന്ന് ദ്വീപിനെ പറ്റി?
ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ ടൂർ പോയതിന്റെ ഗൃഹാതുര സ്മരണയിലുള്ള കടും നീല കടലും തെളിഞ്ഞ കായലും മാത്രമായ ഒരു ദ്വീപസമൂഹം ഇനിയെന്ന് പോവുമ്പോളും നിങ്ങളെ അൽപ നേരത്തേക്ക് ആനന്ദിപ്പിക്കാൻ മാത്രമായി അങ്ങനെയേ നിൽക്കണം എന്ന സ്വാർത്ഥ യുക്തിയല്ലാതെ എന്ത് സ്നേഹവും ആത്മാർത്ഥതയും ഉണ്ട് നിങ്ങൾക്ക് അവിടുത്തെ മനുഷ്യരോട്?
ചൈനക്ക് മക്കാവോ പോലെ, ഇൻഡോനേഷ്യക്ക് ബാലി പോലെ, തായ്‌ലൻഡിന് ഫുക്കെറ്റ് പോലെ, ഫിലിപ്പീൻസിന് പലവാൻ പോലെ ഇന്ത്യക്ക് ഒരു ലോകോത്തര ടൂറിസ്റ്റ് ടെസ്റ്റിനേഷനാക്കി മാറ്റാൻ സാധിക്കുന്ന ആർച്ചിപലാഗോ ആണ് ലക്ഷദ്വീപ്.
ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സഞ്ചാരികളെ ആകർഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാവാൻ ശേഷിയുള്ള ദ്വീപ് സമൂഹം.
എന്നിട്ടും ലക്ഷദ്വീപിലെ ജനങ്ങൾ ഇപ്പോളും പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ചൂര മീൻ ഉണക്കിയും ചകിരി നാര് പിരിച്ചും കഴിയുകയാണ്.
വിദേശ രാജ്യത്തുള്ളവർ പോയിട്ട് ഒരു ശതമാനം ഇന്ത്യക്കാർ പോലും ഇതുവരെ ലക്ഷദ്വീപ് കണ്ടിട്ടില്ല.
ലക്ഷദ്വീപിൽ ഒരൊറ്റ സിനിമാ തിയേറ്റർ ഇല്ല.
ലക്ഷദ്വീപിൽ ഇപ്പോളും പെട്രോൾ പമ്പുകൾ ഇല്ല.
ലക്ഷദ്വീപിലെ 35 ദ്വീപുകളിൽ അഗറ്റി, ബംഗാരം, കവരത്തി എന്നീ മൂന്ന് ദ്വീപുകളിൽ മാത്രമേ 4G നെറ്റ്‌വർക്ക് ഉള്ളൂ.
ബി.എസ്.എൻ.എലിനും എയർടെൽനും മാത്രമേ ദ്വീപിൽ ആകെ മൊബൈൽ നെറ്റ്‌വർക് പോലുമുള്ളൂ.
ബാറുകളോ ബിയർ പാർലറുകളോ നല്ല ഹോട്ടലുകളോ ഷോപ്പിംഗ് സെന്ററുകളോ ദ്വീപിൽ ഇല്ല.
വീതിയുള്ള റോഡുകളോ വൃത്തിയുള്ള മാർക്കറ്റുകളോ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളോ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളോ ദ്വീപിൽ ഇല്ല
ഇതാണ് ചിലർ പറയുന്ന സ്വർഗ്ഗം പോലുള്ള ലക്ഷദ്വീപ്.
ഒരു മാസം തികച്ചു നിൽക്കുമോ നിങ്ങളീ സ്വർഗ്ഗത്തിൽ?
വിചിത്രമായ ഒറ്റപ്പെടുത്തൽ നയം കൊണ്ട് 65 കൊല്ലം കേന്ദ്രം ഭരിച്ച സർക്കാരുകൾ ഇന്ത്യൻ മെയിൻലാണ്ടുമായി ഒരു ബന്ധവുമില്ലാതെ അകറ്റി നിർത്തിയ നാടാണത്.
ഇന്ത്യക്കാർക്ക് പോലും ലക്ഷദ്വീപിൽ പ്രവേശിക്കണമെങ്കിൽ ഇപ്പോഴും അഡ്മിനിസ്ട്രേറ്റർ ഇഷ്യു ചെയ്യുന്ന പ്രത്യേക എൻട്രി പെർമിറ്റ്‌ ആവശ്യമാണ്.
വിദേശികൾക്ക് ആണെങ്കിൽ പെർമിറ്റ് ഉണ്ടെങ്കിൽ പോലും മൂന്ന് ദ്വീപുകൾ മാത്രമേ സന്ദർശിക്കാനാവൂ.
ലോകത്തിലെ തന്നെ ഏറ്റവും തിരക്കുള്ള ക്രൂയിസ് പാസേജ് റൂട്ടിൽ കിടന്നിട്ടും ലക്ഷദ്വീപിൽ ഇപ്പോളും ഓൺ അറൈവൽ എൻട്രി പെർമിറ്റ് ഇല്ല.
480 കിലോമീറ്റർ ഇപ്പുറം കിടക്കുന്ന കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വന്നു വേണം എൻട്രി പാസിന് അപേക്ഷിക്കാൻ.
അഗറ്റിയിൽ ആകെയുള്ള ഒരു എയർപോർട്ടിൽ ആണെങ്കിൽ എയർബസോ ബോയിങ്ങോ പോലുള്ള വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള സൗകര്യവുമില്ല.
എയർ ഇന്ത്യ മാത്രമാണ് ലക്ഷദ്വീപിലേക്ക് പാസഞ്ചർ സർവീസ് നടത്തുന്നത്.
പിന്നെയുള്ളത് കൊച്ചിയിൽ നിന്ന് 18 മണിക്കൂർ കൊണ്ട് ദ്വീപിൽ എത്തിക്കുന്ന വെറും ഏഴ് കപ്പലുകൾ ആണ്.
എല്ലാ കാലവും ലക്ഷദ്വീപിനെ ഇത് പോലെ പുറം ലോകത്തിന് കടന്നു വരാൻ ആവാത്ത ഒറ്റപ്പെട്ട തുരുത്തായി നിലനിർത്തണം എന്നതാണ് സേവ് ലക്ഷദ്വീപ് ക്യാമ്പയിനുകാരുടെ ആവശ്യം.
‘അങ്ങനെ പോരാ’ എന്നതാണ് ഏറ്റവും ലളിതമായി പറഞ്ഞാൽ നരേന്ദ്ര മോഡി സർക്കാരിന്റെ നിലപാട്
അതുകൊണ്ടാണ് 2017 ജൂൺ 1ന് കേന്ദ്ര സർക്കാർ ‘Island Development Agency’ എന്ന സംവിധാനം രൂപീകരിക്കുന്നത്.
ആന്റമാനും ലക്ഷദ്വീപും ഉൾപ്പെടെയുള്ള ഇന്ത്യൻ നിയന്ത്രണത്തിലുള്ള 26 ദ്വീപ് സമൂഹങ്ങളുടെ സർവ്വതോന്മുഖമായ പുരോഗതി ആണ് പ്രധാനമന്ത്രി തന്നെ അധ്യക്ഷനായ നീതി ആയോഗിന്റെ നേതൃത്വത്തിൽ IDA ലക്ഷ്യം വെയ്ക്കുന്നത്.
ദ്വീപുകളിലെ അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഗ്രീൻ എനർജി പ്രോജക്റ്റുകൾ, ഡീസലൈനേഷൻ പദ്ധതികൾ, വേസ്റ്റ് മാനേജ്മെന്റ് പ്രോഗ്രാം, ഫിഷറീസിന്റെയും ടൂറിസത്തിന്റെയും വികസനവും പ്രോത്സാഹനവും എന്നതുൾപ്പെടെ ഒരു ഹോളിസ്റ്റിക് ഡെവലപ്പ്മെന്റ് പ്ലാൻ തന്നെ നീതി ആയോഗ് അതിനായി തയ്യാറാക്കിയിട്ടുണ്ട്.
ദ്വീപുകളെ മെയിൻലാൻഡും ലോകവുമായി കൂടുതൽ ബന്ധപ്പെടുത്തി കൊണ്ട് അവിടെയെല്ലാം ഒരു ‘ഇന്റഗ്രേറ്റഡ് ടൂറിസം സെൻട്രിക് എക്കോസിസ്റ്റം’ നിർമിച്ചെടുക്കുക എന്ന ആ വലിയ പദ്ധതിയുടെ തുടർച്ചയിൽ തന്നെയാണ് ഒന്നിൽ നിന്ന് നഗരാസൂത്രണവും ദ്വീപ് വികസനവും ലക്ഷ്യം വെച്ചുള്ള ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് അതോറിറ്റി റെഗുലേഷനും ലക്ഷദ്വീപ് ടൌൺ ആൻഡ് കൺട്രി പ്ലാനിങ് റെഗുലേഷനും ഉൾപ്പെടെയുള്ള 2021ലെ പുതിയ നിയമ പരിഷ്കാരങ്ങളും നിലവിൽ വരുന്നത്.
കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് കടലിനടിയിലൂടെയുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിൾ ലിങ്ക് പദ്ധതി 1000 ദിവസത്തിനകം പൂർത്തീകരിക്കും എന്ന് പ്രഖ്യാപിച്ചത്.
വിദേശ സഞ്ചരികൾക്കുള്ള എൻട്രി പെർമിറ്റിലെ നിരോധിത മേഖലകൾ ഒഴിവാക്കി കൊണ്ട് എല്ലാ ദ്വീപുകളിലും എല്ലാവർക്കും പ്രവേശനാനുമതി നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം തീരുമാനം എടുത്തിരുന്നു.
ലക്ഷദ്വീപിൽ തന്നെ കസ്റ്റംസ് യൂണിറ്റ് സ്ഥാപിക്കാനും അഗറ്റിയിലും മിനിക്കോയിലും രണ്ട് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റുകൾ ആരംഭിക്കാനും തീരുമാനം ഉണ്ടായതും ഈ സർക്കാരിന്റെ കാലത്താണ്.
ദ്വീപിൽ തന്നെ കസ്റ്റംസ് ക്ലിയറൻസും ഓൺ അറൈവൽ എൻട്രിയും നിലവിൽ വരുന്നതോടെ ഫോറിൻ വെസലുകൾക്ക് കൊച്ചിയിൽ പോയി ക്ലിയറൻസും പാസും എടുക്കേണ്ട സാഹചര്യവും ഇല്ലാതാവുകയാണ്.
160 കോടി ചിലവിൽ 30 മാസം കൊണ്ട് അഗറ്റി എയർപോർട്ട് വികസിപ്പിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ വർഷം ടെണ്ടർ ക്ഷണിച്ചിരുന്നു.
ഇതിനു പുറമെ മിനിക്കോയിൽ പുതിയൊരു എയർപോർട്ട് കൂടി ആരംഭിക്കാൻ IDA തീരുമാനിച്ചിട്ടുണ്ട്.
100 ഇന്ത്യൻ നഗരങ്ങളെ സ്മാർട്ട്‌ സിറ്റികൾ ആക്കി മാറ്റാനുള്ള കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ പദ്ധതിയുടെ നാലാം ഘട്ടത്തിൽ ലക്ഷദ്വീപിലെ കവരത്തിയും ഇടം പിടിച്ചിട്ടുണ്ട്.
അങ്ങനെ 540 കോടി രൂപ ചിലവിൽ കവരത്തി ഒരു സ്മാർട്ട്‌ സിറ്റി ആയി മാറി കൊണ്ടിരിക്കുകയാണ്.
‘ലക്ഷദ്വീപ് ട്യൂണ’യേ ഒരു ബ്രാൻഡ് ആയി മാർക്കറ്റ് ചെയ്യാനുള്ള പദ്ധതി IDA യോഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.
ലോകത്തിലെ തന്നെ ആദ്യത്തെ സെൽഫ് പവേർഡ് ഡീസലൈനേഷൻ പ്ലാന്റ് ആരംഭിക്കുന്നതും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപിലാണ്.
ഇങ്ങനെ അടിമുടി മാറ്റത്തിനു ഒരുങ്ങുകയാണ് ലക്ഷദ്വീപ്.
പക്ഷെ മാറ്റങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന മത യാഥാസ്തികതക്ക് അതൊട്ടും ദഹിക്കുന്നില്ല.
ബാലിശമായ തർക്ക യുക്തികൾ നിരത്തി അവർ പരിഷ്കരണങ്ങളോട് കലഹിക്കുകയാണ്.
ദൗർഭാഗ്യവശാൽ സ്വതവേ പുരോഗമനവാദികളും പരിഷ്കരണദാഹികളും ആയ പലരും കേന്ദ്ര സർക്കാറിനോടുള്ള രാഷ്ട്രീയ വിരോധം മാത്രം മുൻനിർത്തി പ്രതിഷേധങ്ങളിൽ അവർക്കൊപ്പമാണ്.
ഗുജറാത്തി ആയ അഡ്മിനിസ്ട്രേറ്റർ പറ്റില്ല എന്നതിൽ തുടങ്ങി തീരദേശ പരിപാലന നിയമം നടപ്പാക്കാൻ പാടില്ല എന്നത് വരെ നീളുന്ന ഒരു ലിസ്റ്റ് തന്നെയുണ്ട് ഐറ്റംസ് ഓഫ് പ്രതിഷേധത്തിൽ.
ഇതിൽ ഓരോന്നും എടുത്തു അതിന്റെ ന്യായം വിശദീകരിക്കുക പ്രയാസം ആയത് കൊണ്ട് ഇതിൽ ഏത് വിഷയത്തെയും യുക്തിസഹമായി വിലയിരുത്താനുള്ള ഒരു സമവാക്യമാണ് ഞാൻ അവതരിപ്പിക്കുന്നത്.
ഭരണകൂടം വികസനാധിഷ്ഠിതമായ പരിഷ്കരണത്തിനും ഭരണകൂട വിരുദ്ധർ മതരാഷ്ട്രീയാധിഷ്ഠിതമായ തൽസ്ഥിതിവാദത്തിനും വേണ്ടിയാണ് നിലകൊള്ളുന്നത് എന്നതാണ് ആ സമവാക്യം.
ഇതിനെ ഒരു ടൂൾ ആയി ഉപയോഗിച്ചാൽ ഉയരുന്ന ഓരോ വിവാദത്തിന്റെയും ന്യായാന്യായങ്ങൾ നമുക്ക് സ്വയം കണ്ടെത്താൻ സാധിക്കും.
ഉദാഹരണത്തിന്, ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ദ്വീപിൽ ബാറുകൾക്ക് അനുമതി നൽകാനുള്ള തീരുമാനം.
വർഷത്തിൽ ഒരിക്കൽ പത്തോ പതിനഞ്ചോ ദിവസം മാത്രം കിട്ടുന്ന അവധികാലം ആഘോഷിക്കാൻ പറ്റിയൊരു ടൂറിസ്റ്റ് സ്പോട്ട് തിരയുന്ന വിനോദ സഞ്ചാരികളിൽ ഭൂരിഭാഗം പേരും അതിനായി ഒരു ഡ്രൈ ലാൻഡ് തിരഞ്ഞെടുക്കില്ല എന്നതൊരു സാമാന്യ യുക്തി ആണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ജീവിക്കുന്ന ഇൻഡോനേഷ്യ മുതൽ അറബ് രാജ്യങ്ങളായ യു.എ.ഇ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾ വരെ സന്ദർശകർക്കായി മദ്യ വില്പന അനുവദിക്കുന്നുണ്ട്.
മഹാത്മാ ഗാന്ധിയുടെ ജന്മദേശമായതിനാൽ സംസ്ഥാന രൂപീകരണ ബില്ലിൽ തന്നെ മദ്യ നിരോധനം പ്രഖ്യാപിച്ച ഗുജറാത്തിൽ പോലും പുറമെ നിന്ന് വരുന്നവർക്ക് ലിക്കർ പെർമിറ്റ് അനുവദിക്കുന്നുണ്ട്.
എന്നാൽ ലക്ഷദ്വീപിൽ മദ്യ വില്പനക്ക് അനുമതി നൽകുന്നത് മാത്രം പ്രദേശവാസികളുടെ സാംസ്‌കാരിക സെൻസിറ്റിവിറ്റിയെ വൃണപ്പെടുത്തും എന്നാണ് വാദം.
വികസനാധിഷ്ഠിതമായ പരിഷ്കരണവാദവും മതാധിഷ്ഠിതമായ തൽസ്ഥിതിവാദവും തമ്മിലാണ് ആ സംഘർഷം എന്നത് നോക്കിയാൽ കാണാം.
ഇതിലെ കൗതുകം എന്നത്, മറ്റെല്ലായിടത്തും പരിഷ്കരണവാദികളായി ചമയുന്ന ചിലർ ഇത്തരം ചില പ്രത്യേക സാമുദായിക സെൻസിറ്റിവിറ്റികളുടെ മുന്നിൽ മാത്രം സ്റ്റാറ്റസ് കോയിസ്റ്റുകൾ ആയി മാറുന്നു എന്നതാണ്.
ഈ യുക്തി വെച്ചാണെങ്കിൽ, എൺപത് ശതമാനം ഹിന്ദു ജനസംഖ്യയുള്ള ഇന്ത്യയിൽ ആകെ ഭൂരിപക്ഷത്തിന്റെ സാംസ്‌കാരിക സെൻസിറ്റിവിറ്റി പരിഗണിച്ച് ഗോവധ നിരോധനം നടപ്പാക്കേണ്ടതല്ലേ എന്ന് ചോദിച്ചാൽ, അപ്പൊ ഇവർക്ക് സെൻസിറ്റിവിറ്റി പോയിട്ട് സെൻസിബിലിറ്റി പോലും ഉണ്ടാവാറില്ല.
മറ്റൊരാക്ഷേപം, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദ്വീപിൽ ജനസംഖ്യാ നിയന്ത്രണത്തിന് ഭരണകൂടം ശ്രമിക്കുന്നു എന്നതാണ്.
ഇവിടെയും ന്യായം മനസിലാക്കാൻ ഇതേ സമവാക്യം മതി.
32 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ലക്ഷദ്വീപിന്റെ ആകെ വിസ്തീർണ്ണം.
എന്നാൽ അവിടെ 2011 സെൻസസ് പ്രകാരം തന്നെ 64000+ ആളുകൾ താമസിക്കുന്നുണ്ട്.
ദ്വീപിന്റെ ജനസാന്ദ്രത എന്നത് 2000+/Sq.Km ആണ്.
അതായത് ഓരോ ചതുരശ്ര കിലോമീറ്ററിലും രണ്ടായിരത്തിൽ ഏറെ ആളുകൾ താമസിക്കുന്നു.
ഇന്ത്യയിലെ തന്നെ മൂന്നാമത്തെ ഉയർന്ന ജനസാന്ദ്രത ആണിത്.
എന്നാൽ ഈ 32 sq.km എന്നത് 35 ദ്വീപുകൾ ഉള്ള ലക്ഷദ്വീപിന്റെ ആകെ വിസ്തീർണ്ണം ആണെന്നും അതിൽ 10 ദ്വീപുകളിൽ മാത്രമാണ് ആളുകൾ താമസിക്കുന്നത് എന്നും കൂടി പരിഗണിച്ചാൽ യഥാർത്ഥ ജനസാന്ദ്രത ഇക്കണക്കിനും എത്രയോ മേലെയാണ് എന്ന് കാണാം.
മേൽക്കുമേലായി അട്ടിക്കിട്ടത് പോലെ ആളുകൾ തിങ്ങി നിറഞ്ഞ ഇടം എന്ന് പറഞ്ഞാൽ അതിഭാവുകത്വം അല്ല.
അതിന്റെ കൂടെ ഓരോ ദശകത്തിലും സുമാർ 6.5% വീതം ജനസംഖ്യാ വർദ്ധനവും.
ഈ നിലയിൽ ജനപെരുപ്പം ഉള്ളൊരു കുഞ്ഞു ദ്വീപിൽ ഭൂരിപക്ഷം മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യനോ ജൈനനോ ആയാലും ജനസംഖ്യാ വർദ്ധനവിനെ ഭരണകൂടം നിരുത്സാഹപ്പെടുത്തണം.
അല്ലെങ്കിൽ അവിടുത്തെ പ്രകൃതി വിഭവങ്ങൾ ഏറെ നാൾ അവിടുത്തെ മനുഷ്യരെ അതിജീവിക്കില്ല
എന്നാൽ രണ്ടിൽ കൂടുതൽ കുട്ടികൾക്ക് ജന്മ നൽകുന്ന ശൈലിയെ നിയമം നിരുത്സാഹപ്പെടുത്തുമ്പോൾ പൊടുന്നനെ വംശ വർദ്ധനയ്ക്കുള്ള അവകാശത്തിൽ കൈകടത്തുന്ന സ്റ്റേറ്റിനു എതിരെ പ്രതിഷേധം ഉയരുകയാണ്.
നിശ്ചയമായും, വികസനാധിഷ്ഠിതമായ പരിഷ്കരണവാദവും മതാധിഷ്ഠിതമായ തൽസ്ഥിതിവാദവും തമ്മിലാണ് ആ സംഘർഷവും.
39 ദ്വീപുകൾ ഉണ്ടായിരുന്നു ഒരുകാലത്ത് ലക്ഷദ്വീപിൽ.
ഒരു പക്ഷെ ലക്ഷദ്വീപ് എന്ന പേരുണ്ടായ കാലത്ത് നൂറ് കണക്കിന് ദ്വീപുകൾ ഉണ്ടായിരുന്നിരിക്കണം.
അഞ്ചു കൊല്ലം മുൻപ് വരെ 36 ദ്വീപുകൾ ആയിരുന്നു.
ഇപ്പൊ ഉള്ളത് പക്ഷെ 35 ദ്വീപുകൾ മാത്രമാണ്.
ആൾതാമസം ഇല്ലാതിരുന്ന ‘പുരളി’ എന്ന മുപ്പത്താറാമത്തെ ദ്വീപ് കടലെടുത്തു പോയത് 2017ലാണ്.
നാല് ദ്വീപുകൾ കൂടി സമീപ ഭാവിയിൽ അതേ ഭീഷണി നേരിടുന്നുണ്ട് എന്നാണ് പരിസ്ഥിതി വിദഗ്ദർ പറയുന്നത്.
അടുത്ത എൺപത് കൊല്ലത്തിൽ അപ്രത്യക്ഷമാവാൻ സാധ്യതയുള്ള ദ്വീപുകളുടെ പട്ടികയിൽ climate vulnurable forum ലക്ഷദ്വീപിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
1998ൽ 51% കോറൽ കവർ ഉണ്ടായിരുന്ന ലക്ഷദ്വീപിന് 2017ൽ കോറൽ കവർ ഉള്ളത് 11% മാത്രമാണ്.
20 കൊല്ലത്തിൽ 40%ത്തിന്റെ നാശം.
2010ലും 2016ലും ഉണ്ടായ എൽ നിനോ ദ്വീപിന്റെ പരിസ്ഥിതിയെ വലിയ അളവിൽ ഉലച്ചിട്ടുണ്ട്.
തീരദേശ മണ്ണൊലിപ്പ് അഥവാ coastal erosion ആണ് പുരളി ഉൾപ്പെടെയുള്ള ദ്വീപുകളെ അപ്രത്യക്ഷമാക്കിയത്.
എന്നിട്ടും അങ്ങനെയുള്ള ദ്വീപിൽ തീരദേശ സംരക്ഷണ നിയമം കർശനമായി നടപ്പാക്കാൻ അഡ്മിനിസ്ട്രേഷൻ ശ്രമിക്കുമ്പോൾ മത്സ്യ തൊഴിലാളികളുടെ ഷെഡ് പൊളിച്ച ഫാസിസത്തെ അപലപിക്കുകയാണ് ഇവിടുത്തെ സോ കോൾഡ് പരിസ്ഥിതിവാദികൾ പോലും.
ദ്വീപ് ഇല്ലാതാവുക എന്ന വിദൂര നഷ്ടത്തെക്കാൾ തീരദേശത്തു അനുമതി ഇല്ലാതെ നിർമിച്ച ഷെഡുകളും അനധികൃത കെട്ടിടങ്ങളും പൊളിച്ചു കളയേണ്ടി വരിക എന്ന സമീപ നഷ്ടത്തെ കുറിച്ചോർത്ത് അസ്വസ്ഥരാവുന്ന സാധാരണക്കാരായ മത്സ്യ തൊഴിലാളികളുടെ മനോഭാവത്തെ മനസിലാക്കാം.
എന്നാലിത് സസ്റ്റയ്നബിൾ ഡെവലപ്മെന്റും സ്റ്റാറ്റസ് കോയിസവും തമ്മിലുള്ള സ്ട്രഗിൾ ആണെന്നും അതിൽ ആർക്കൊപ്പമാണ് നിൽക്കേണ്ടത് എന്നും നമ്മുടെ പ്രബുദ്ധർക്ക് എന്താണ് മനസ്സിലാവാത്തത്?
ദ്വീപിലെ മനുഷ്യർക്ക് ഏറ്റവും സുലഭമായി കിട്ടുന്ന ഭക്ഷണമാണ് മത്സ്യം.
അതിപ്പോൾ ലക്ഷദ്വീപിൽ ആയാലും മാലിദ്വീപിൽ ആയാലും മനുഷ്യർക്ക് മൂന്ന് നേരവും മീനിന് മുട്ടുണ്ടാവില്ല.
രാവിലെ മീൻ ചമ്മന്തി കൂട്ടി ദോശയും ഉച്ചക്ക് മീൻ കറിയും മീൻ വറുത്തതും മീൻ പീരയും കൂട്ടി ചോറും വൈകുന്നേരം ചായക്കൊപ്പം മീൻ കട്ട്ലെറ്റും മീൻ സമോസയും രാത്രി ചപ്പാത്തിയുടെ കൂടെ മീൻ ബാർബിക്യുവും മീൻ റോസ്റ്റും കഴിക്കേണ്ട അവസ്ഥയെ പറ്റി ദ്വീപുകളിൽ താമസിക്കുന്ന സുഹൃത്തുകളിൽ നിന്ന് ധാരാളം കേട്ടിട്ടുണ്ട്.
അവിടങ്ങളിൽ ഒക്കെ സ്വാഭാവികമായും പച്ചക്കറിക്കാണ് കൂടുതൽ ഡിമാൻഡും വിലയും.
കാരണം മീൻ കടലിൽ നിന്ന് വേണ്ടോളം കിട്ടും.
പക്ഷെ പഴങ്ങളും പച്ചക്കറികളും അവിടെ വളരില്ല.
അത് അടുത്ത പോർട്ടിൽ നിന്ന് കപ്പലിൽ കയറി വേണം ദ്വീപിൽ എത്താൻ.
അത് കൊണ്ട് മീനിന് കിലോ ഇരുപത് രൂപ ഉള്ളിടത്ത് പച്ചക്കറി കിലോക്ക് ഇരുന്നൂറ് രൂപ വരെ ആവും.
അങ്ങനെയുള്ള ദ്വീപിൽ ഒരു നേരമെങ്കിലും കുട്ടികൾക്ക് പച്ചക്കറികൾ കൊടുക്കുക എന്നാൽ പോഷകാഹാരം ഉറപ്പ് വരുത്തുക എന്ന് കൂടിയാണ്.
കാരണം മീനും ഇറച്ചിയും രാവിലെയും രാത്രിയും അവർക്ക് വീട്ടിലും കിട്ടും.
പക്ഷെ പച്ചക്കറി സ്‌കൂളിൽ നിന്ന് കൊടുത്തില്ലെങ്കിൽ ചിലപ്പോൾ കിട്ടിയെന്നേ വരില്ല.
അതിനെ മാംസാഹാര വിലക്ക് എന്നല്ല, സസ്യാഹാരം ഉറപ്പാക്കൽ എന്നാണ് വിളിക്കേണ്ടത്.
എന്നാൽ മത യാഥാസ്തികതക്ക് ആ നടപടി അംഗീകരിക്കാനാവില്ല.
ദ്വീപിന്റെ പരമ്പരാഗത ആഹാര ശൈലിയിൽ ഇടങ്കോലിടുന്ന ഭരണകൂടം എന്നതാണ് അവർ കാണുക.
അത് നടപ്പാക്കുന്നത് ബിജെപി സർക്കാർ നിയമിച്ച അഡ്മിന്സ്ട്രേറ്റർ ആവുമ്പോൾ പ്രത്യേകിച്ചും.
പക്ഷെ യഥാർത്ഥത്തിൽ ആ സംഘർഷവും മൂല സമവാക്യത്തിലേത് തന്നെയാണ്.
ഇങ്ങനെ ഓരോ വിഷയമായി എടുത്തു നോക്കിയാലും ഇതിലെല്ലാം അടിസ്ഥാനമായി വർത്തിക്കുന്നത് ഒരേ സംഗതിയാണ് എന്ന് കാണാം.
എന്നാൽ അതിനെ മെറിറ്റിൽ ഉൾക്കൊള്ളണമെങ്കിൽ ആദ്യം ‘ലക്ഷദ്വീപിൽ പരിഷ്കാരങ്ങൾ വേണം’ എന്ന ബേസിക് പ്രിമൈസിനെ നമ്മൾ അംഗീകരിക്കണം.
അതംഗീകരിച്ചു കഴിഞ്ഞാൽ പിന്നെ ഓരോ നടപടിയുടെയും യുക്തി നമുക്ക് മുന്നിൽ താനേ തെളിയും.
എന്നാൽ ആ പ്രിമൈസിനെ തന്നെ നിഷേധിക്കാൻ ആണ് ‘ലക്ഷദ്വീപ് 2020 ഡിസംബർ വരെ ഒരു പ്രശ്നവും ഇല്ലാത്ത സുന്ദര ഭൂമി ആയിരുന്നു, അഡ്മിനിസ്ട്രേറ്റർ വന്നതാണ് അവിടുത്തെ ആകെ പ്രശ്നം’ എന്ന വ്യാജ ഉട്ടോപ്പിയൻ നരേറ്റീവ് ചിലർ ബോധപൂർവ്വം ആദ്യമേ പൊതുബോധത്തിൽ പ്രതിഷ്ഠിച്ചത്.
ലക്ഷദ്വീപിൽ ഒരു പ്രശ്നവും ഇല്ലെങ്കിൽ അവിടെ ഒരു മാറ്റവും ആവശ്യവുമില്ലല്ലോ!
തൽസ്ഥിതിയെ കാല്പനികവത്കരിച്ചു കൊണ്ട് പരിഷ്കരണം കൊണ്ട് വരുന്നവരെ വില്ലന്മാരാക്കുകയാണ് അവർ.
അങ്ങനെയാണ് ഒരു കുറ്റകൃത്യം പോലുമില്ലാത്ത ലക്ഷദ്വീപ് എന്നൊക്കെയുള്ള കഥകൾ വരുന്നത്.
ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതിടത്തു കുറ്റകൃത്യങ്ങളുടെ എണ്ണം രേഖകളിൽ കാണില്ല എന്നതേയുള്ളൂ അതിന്റെ യാഥാർഥ്യം.
ഡെക്കാൻ ക്രോണിക്കിൾ നാല് വർഷം മുൻപ് ചെയ്തൊരു സ്റ്റോറിയിൽ എങ്ങനെയാണ് അണ്ടർ റിപ്പോർട്ടിങ് ലക്ഷദ്വീപിലെ ക്രൈം റേറ്റിനെ താഴ്ത്തി നിർത്തുന്നത് എന്ന് വിശദീകരിക്കുന്നുണ്ട്.
കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെ ചേർത്ത് 2017ൽ കവരത്തിയിൽ ആരംഭിച്ച ചൈൽഡ്ലൈൻ ഇന്ത്യ ഫൗണ്ടേഷൻ നിലവിൽ വന്നതിനു ശേഷമാണ് ദ്വീപിൽ കുട്ടികൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് പരാതിപ്പെടാൻ പോലും ഒരു സംവിധാനം ഉണ്ടാവുന്നത്.
64000 ആളുകൾ താമസിക്കുന്ന ലക്ഷദ്വീപിലെ 35 ദ്വീപുകൾക്കും കൂടി ആകെ 9 പോലീസ് സ്റ്റേഷനുകളിൽ ആയി 349 പോലീസുകാർ ആണുള്ളത്.
ഏത് ദ്വീപിൽ ഉള്ളവർ ആയാലും പരാതി നൽകിയാൽ തുടർനടപടികൾക്ക് കവരത്തിയിലെ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ വരണം എന്നത് കൊണ്ട് ദ്വീപിൽ ഉള്ളവർ ഒന്നും പോലീസിൽ പരാതി നൽകാൻ മിനക്കേടാതെ കേസുകൾ തമ്മിൽ പറഞ്ഞോ നാട്ടുമധ്യസ്ഥന്മാരെ ഇടപെടുത്തിയോ ഒത്തു തീർക്കലാണ് പതിവ് എന്ന് ഒരു CIF ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു തന്നെ ആ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ ക്രൈം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നത് കുറ്റകൃത്യങ്ങൾ ഇല്ല എന്നതിന്റെ സൂചനയല്ല.
നേരെ മറിച്ചു അത് പോലീസിങ് കാര്യക്ഷമമല്ല എന്നതിന്റെ മാത്രം സൂചനയാണ്.
നിയമ സംവിധാനത്തിന്റെ ഈ അഭാവം സ്വാഭാവികമായും അവിടെ സമാന്തര നിയമ വ്യവസ്ഥയും നീതി സ്വയം നടപ്പാക്കുന്ന ലോക്കൽ ഗാങ്ങുകളെയും സൃഷ്ടിച്ചിട്ടുണ്ട്.
ലക്ഷദ്വീപിന് എന്ത് കൊണ്ടാണ് ഗുണ്ടാ ആക്റ്റ് ആവശ്യമാവുന്നത് എന്നതിന് മറ്റൊരു വിശദീകരണവും ആവശ്യമില്ല.
കാരണം ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന അഡ്മിനിസ്ട്രേഷന് ഒരിക്കലും ദ്വീപ് സന്ദർശിക്കുന്ന വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികളും നാട്ടുകാരെ പോലെ കുറ്റകൃത്യങ്ങൾക്ക് ഇരകളായാൽ നാട്ടു മധ്യസ്ഥന്മാരെ സമീപിച്ചു കുറ്റവാളികളോട് പ്രശ്നം പറഞ്ഞു ഒത്തു തീർപ്പാക്കിക്കോട്ടെ എന്ന് വിചാരിക്കാനാവില്ല.
സഞ്ചാരികളെ ദ്വീപിലേക്ക് ക്ഷണിച്ചു വരുത്തുന്നതിനു മുൻപ് അഡ്മിനിസ്ട്രേഷൻ ആദ്യം അവർക്ക് സുരക്ഷിതമായി സന്ദർശനം പൂർത്തിയാക്കി മടങ്ങി പോവാനാവുമെന്ന് ഉറപ്പാക്കി കൊണ്ട് ദ്വീപിൽ വളർന്നു കൊഴുത്ത ക്രിമിനൽ സംഘങ്ങളെ അമർച്ച ചെയ്യേണ്ടതുണ്ട്.
ദ്വീപിൽ ഇതുവരെ ഒരു പ്രശ്നവുമില്ല’ എന്ന വാദം പരിഷ്കരണങ്ങളെ പ്രതിരോധിക്കാനുള്ള മിഥ്യാ വാദം മാത്രമാണ്.
ദ്വീപിൽ പല പ്രശ്നങ്ങളും ഉണ്ടെന്നും അവയ്ക്ക് പരിഹാരങ്ങൾ ആവശ്യമാണെന്നും ആദ്യം ഉൾക്കൊള്ളണം.
ദ്വീപിൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി ഉണ്ട്.
ദ്വീപിന് മെയിൻലാന്റുമായി ബന്ധമില്ലായ്മ ഉണ്ട്.
ദ്വീപ് സാധ്യമായ അവസരങ്ങൾ പലതും ഉപയോഗിക്കുന്നില്ലെന്ന പ്രശ്നമുണ്ട്.
ഇതിനെയൊക്കെ നിഷേധിക്കാൻ പ്രേരിപ്പിക്കുന്ന മതയാഥാസ്തികതക്ക് അവിടെ വലിയ സ്വാധീനവുമുണ്ട്.
ചരക്ക് കയറ്റി വന്ന കപ്പലിൽ ഒരു നായയും ഉണ്ടായിരുന്നു എന്ന പേരിൽ ചരക്ക് ഇറക്കാൻ സമ്മതിക്കാതെ കപ്പൽ തിരിച്ചയച്ചത്ര പ്രബലമാണ് ആ യാഥാസ്തികത.
അതേ യാഥാസ്തികത ആണ് സിനിമ മതവിരുദ്ധമാണ് എന്ന പേരിൽ ഷൂട്ടിംഗിന് നൽകിയ അനുമതി അഡ്മിനിസ്ട്രേഷനെ കൊണ്ട് പിൻവലിപ്പിച്ചത്.
അതേ യാഥാസ്തികത ആണ് ദ്വീപിൽ യാതൊരു പരിഷ്കരണവും അനുവദിക്കാതെ തൽസ്ഥിതി മഹത്വത്കരണം നടത്തി മാറ്റത്തോട് കലഹിക്കുന്നത്.
2020 വരെയുള്ള ദ്വീപ് തന്നെ 2021ലും മതി എന്ന് മലയാളത്തിൽ പറയുന്നതിന്റെ ജസരി വ്യാഖ്യാനം പുതിയ കാലത്തിനു ദ്വീപിലേക്ക് പ്രവേശനമില്ല എന്നാണ്.
അതിന് കേന്ദ്ര സർക്കാറിനോടുള്ള രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ പിന്തുണ കൊടുക്കുന്നവർ ദ്വീപിലിനിയും ജനിക്കാനിരിക്കുന്ന തലമുറകളോടാണ് അനീതി ചെയ്യുന്നത്.
കാരണം ഏതൊരു നാട്ടിലെയും ‘ജനം’ എന്നത് ഇന്നാ മണ്ണിൽ ജീവിക്കുന്നവർ മാത്രമല്ല.
നാളെ അവിടെ ജീവിക്കേണ്ടവർ കൂടിയാണ്.
അവരെ കൂടി പരിഗണിക്കേണ്ട ബാധ്യത നാട് ഭരിക്കുന്ന ഭരണകൂടങ്ങൾക്ക് ഉണ്ട്.
ഇവിടെ സ്‌കൂളും ആശുപത്രിയും വേണ്ടെന്ന് ഇന്ന് ജീവിക്കുന്ന മുഴുവൻ മനുഷ്യരും ഒന്നിച്ചു പറഞ്ഞാലും അതനുസരിക്കൽ അല്ല ജനാധിപത്യം.
ജനാധിപത്യം എന്നത് ഇന്നിനെ പറ്റിയുള്ള ചിന്തയോടൊപ്പം തന്നെ നാളേക്കായുള്ള കരുതൽ കൂടിയാണ്.
ലക്ഷദ്വീപിന് ഭാവിയെ കരുതിയുള്ള മാറ്റങ്ങൾ ആവശ്യമാണ്.
അതുറപ്പാക്കേണ്ടത് ഇന്ത്യൻ യൂണിയന്റെ ബാധ്യതയുമാണ്.
ചീഫ് എഡിറ്റർ വിജയരാജൻ കഴുങ്ങാൻഞ്ചേരി.
Total Views: 402 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *