*ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി*

Share If You Like The Article

തിരുവനന്തപുരം: ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസായിരുന്നു. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റായിരുന്നു. വൈകിട്ട് അഞ്ചിന് ശിവഗിരിയില്‍ അദ്ദേഹത്തെ സമാധിയിരുത്തും.
ശ്രീനാരായണഗുരുവിന്‍റെ ആശയങ്ങളില്‍ ആകൃഷ്‌ടനായി ഇരുപത്തിമൂന്നാം വയസിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. അന്ന് മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ കീഴിലാണ് മഠത്തില്‍ വൈദികപഠനം നടത്തിയത്. ഗുരുദേവനില്‍ നിന്നും നേരിട്ട് സന്യാസദീക്ഷ സ്വീകരിച്ചയാളാണ് ശങ്കരാനന്ദ. സ്വാമി പ്രകാശാനന്ദ കൊല്ലം പുറവന്തൂര്‍ സ്വദേശിയാണ്. കുമാരന്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്.
കേരളത്തിൽ ഇന്നുള്ള സന്ന്യാസി ശ്രേഷ്‌ഠൻമാരിൽ ഏറ്റവും തലമുതിർന്ന ആളായിരുന്നു പ്രകാശാനന്ദ. വർക്കല ശിവഗിരി മഠത്തിന്‍റെ പ്രശസ്‌തി ആഗോളതലത്തിൽ എത്തിച്ചയാളായിരുന്നു അദ്ദേഹം. രണ്ട് വര്‍ഷത്തോളം ആരോഗ്യപരമായ പ്രശ്‌നങ്ങളേ തുടര്‍ന്ന് വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1995 ഒക്ടോബറിലാണ് സ്വാമി പ്രകാശാനന്ദ ആദ്യമായി ധര്‍മസംഘം ട്രസ്റ്റ് അദ്ധ്യക്ഷ പദവിയിലെത്തിയത്. തുടര്‍ന്ന് 2006 മുതല്‍ 10 വര്‍ഷക്കാലവും ഗുരുദേവന്‍റെ സന്ന്യാസശിഷ്യ പരമ്പരയെ നയിക്കാനുള്ള നിയോഗം അദ്ദേഹത്തിന് ലഭിച്ചു. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പേ അദ്ദേഹത്തെ ശിവഗിരിയിൽ എത്തിച്ച സ്വാമി മഠത്തിനെ ആഗോള തലത്തിൽ ഉയർത്തിയതിന് പിന്നിലെ ചാലകശക്തിയാണ്.
തിരുവനന്തപുരം: ജാതിഭേദവും മതദ്വേഷവും ഇല്ലാതെ മനുഷ്യരാകെ സോദരരെപോലെ കഴിയുന്ന മഹനീയ കാലമുണ്ടാകണമെന്ന ശ്രീനാരായണ ഗുരുവിന്‍റെ സങ്കൽപ്പത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു സ്വാമി പ്രകാശാനന്ദയുടേത്. മനുഷ്യത്വത്തിന്‍റെ മഹനീയതയെ വിളംബരം ചെയ്യുന്ന സവിശേഷ ആത്മീയതയുടെ വക്താവായിരുന്നു സ്വാമി. ഇന്ന് ശ്രീനാരായണ പ്രസ്ഥാനത്തിന് ഉണ്ടായിരിക്കുന്ന നഷ്‌ടം മാനവികതയുടെയും പുരോഗമന സമൂഹത്തിന്‍റേയും പൊതുവായ നഷ്‌ടം കൂടിയാണ്.
​​​​​ആത്മീയരംഗത്ത് കേരളത്തിലെ ഏറ്റവും ആദരിക്കപ്പെട്ട വ്യക്തിത്വം കൂടിയാണ് സ്വാമി പ്രകാശാനന്ദയുടേത്. ഗുരുധര്‍മമാണ് ജീവിതധര്‍മമെന്ന് തിരിച്ചറിഞ്ഞ് സ്വജീവിതത്തെ അതിനായി സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്‌തിരുന്നത്. നവതി പിന്നിട്ടിട്ടും ഗുരുദര്‍ശനത്തിന്‍റെ മഹാപ്രകാശം പരത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. അദ്ധ്യക്ഷസ്ഥാനമൊഴിഞ്ഞ ശേഷവും ശിവഗിരി തീർത്ഥാടനങ്ങളിലും ഗുരുവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും സ്വാമി സജീവസാന്നിദ്ധ്യമായിരുന്നു.

ലോകമെമ്പാടുമുള്ള ഗുരുദേവ വിശ്വാസികളുടെ ആത്മീയ ഗുരുനാഥനായിരുന്നു സ്വാമി. 1923ല്‍ കൊല്ലം ജില്ലയിലെ പിറവന്തൂരിലെ എലിക്കാട്ടൂര്‍ കളത്താരടി തറവാട്ടില്‍ രാമന്‍- വെളുമ്പി ദമ്പതിമാരുടെ മകനായാണ് ജനിച്ചത്. കുമാരന്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. 23ആം വയസിലാണ് ശിവഗിരിയിലെത്തിയത്. 1958-ല്‍ 35-ാം വയസില്‍ ശങ്കരാനന്ദ സ്വാമിയില്‍നിന്നു സന്ന്യാസദീക്ഷ സ്വീകരിച്ചാണ് പ്രകാശാനന്ദയായത്. അരുവിപ്പുറത്തും കുന്നുംപാറയിലുമുള്ള മഠങ്ങളില്‍ വളരെക്കാലം സേവനം ചെയ്‌തിട്ടുണ്ട്. 1970 മുതല്‍ ധര്‍മസംഘം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1975ല്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്.

ശിവഗിരിയിലെ സംഘര്‍ഷത്തിന്‍റെ നാളുകളിൽ ഗുരുദര്‍ശനം ഉയര്‍ത്തിപ്പിടിച്ച് സമരരംഗത്തും സ്വാമിയുണ്ടായിരുന്നു. ശിവഗിരി ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സ്വാമി അനുഷ്‌ഠിച്ച നിരാഹാരം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിലും ആശുപത്രിയിലുമായി 29 ദിവസമാണ് നിരാഹാരം നടത്തിയത്. 1983 ഡിസംബര്‍ അഞ്ചു മുതല്‍ സ്വാമി മൗനവ്രതത്തിലായി. എട്ടു വര്‍ഷവും ഒമ്പത് മാസവും ഒരേപോലെ മൗനവ്രതം തുടര്‍ന്നു. സ്വാമികളെ കുറിച്ച് കൃത്യമായ വിവരണങ്ങൾ ഞങ്ങൾക്ക് തന്നത് ശ്രീ ശിവബോദ്ധാനന്ദ സ്വാമികളാണ് സ്വാമികളോട് ഞങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കും.
ന്യൂസ് സിറ്റി മെട്രോയുടെ ആദരാഞ്ജലികൾ.
Total Views: 260 ,

Share If You Like The Article

Leave a Reply

Your email address will not be published. Required fields are marked *