കോപ്പ അമേരിക്ക ഫുഡ്ബോൾ മത്സരത്തിൽ അർജൻറീന ചാമ്പ്യൻന്മാർ മെസ്സി കപ്പുയർത്തി.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

65 ശതമാനം ഫുഡ്ബോൾ പ്രേമികൾ ഉറപ്പിച്ച് പറഞ്ഞിരുന്നത് ബ്രസിൽ കപ്പു നേടുമെന്നായിരുന്നു.പ്രതീക്ഷിച്ചിരുന്നത് എന്നാൽ ഭാഗ്യദേവത അർജന്റീനിയൻ ടീമിനൊപ്പം നിന്നു.
നരകത്തിനും സ്വർഗ്ഗത്തിനുമിടയിലെ നൂൽപ്പാലം വളരെ വളരെ നേർത്തതാണെന്ന് ലയണൽ മെസ്സിക്ക് നന്നായിട്ടറിയാം. അങ്ങോട്ടുമിങ്ങോട്ടും പലവട്ടം അയാളതിലൂടെ സഞ്ചരിച്ചതുമാണ്. അതുകൊണ്ടായിരിക്കും, മാരക്കാനയിലെ നിർണ്ണായകമായ കലാശക്കളിക്കിറങ്ങുമ്പോൾ ഒട്ടൊക്കെ ശാന്തനായിരുന്നു മെസ്സി .ആൻറിസ് പർവ്വതനിരകൾക്കുമപ്പുറത്ത്, തന്റെ കാലുകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന നാല് കോടി മനുഷ്യരെ അയാളപ്പോൾ മനസ്സിൽ ഓർത്തു കാണും. ലോകത്തിന് മുൻപിൽ അവതരിപ്പിക്കാൻ ആ പാവം മനുഷ്യർക്ക് ഫുട്ബോൾ മാത്രമല്ലേയുള്ളൂഎന്നോർത്തപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരിയ്ക്കുമോ…? തോറ്റാൽ, അതൊരു തോൽവിയായിരിയ്ക്കില്ല;മരണം തന്നെയായിരിക്കും എന്ന് ഏഞ്ചൽ ഡി മരിയയുടെ ചെവിയിലെങ്ങാനും പറഞ്ഞിരിയ്ക്കുമോ അയാൾ? അങ്ങിനെ തോന്നുന്നു എനിക്ക്. അർജന്റീനയുടെ മേൽ നീണ്ടുനിന്ന മൂന്ന് നൂറ്റാണ്ടുകാലത്തെ സ്പാനിഷ് അധിനിവേശം അവസാനിപ്പിക്കാൻ നേതൃത്വം നൽകിയ ഹോസെ സാൻമർത്തി, ആനന്ദത്തിൽ വിശ്വസിക്കണമെന്ന് എപ്പോഴും പറയുമായിരുന്നു.1516 ലാണ്, ഹുവാൻ ദിയാസ് ഡി സോളിസ് എന്ന നാവികന്റെ നേതൃത്വത്തിൽ സ്പാനിഷ് അധിനിവേശകർ അറ്റ്ലാന്റിക്കിന്റെ തീരം കടന്ന് ഇന്നത്തെ ബ്യൂണസ് ഐറിസിൽ എത്തുന്നത്. വെള്ളി ആഭരണങ്ങൾ അണിഞ്ഞ് നിൽക്കുന്ന തദ്ദേശവാസികളെക്കണ്ട് അവർ അമ്പരന്നു. വെള്ളിയുടെ വമ്പൻ നിക്ഷേപമാണ് അർജൻറീന’ എന്ന പേരിന്റെ അടിസ്ഥാനം. വെള്ളി നിറമുള്ളത് എന്നർത്ഥം വരുന്ന അർജന്റീനോസ് എന്ന സ്പാനിഷ് വാക്കിൽ നിന്നാണ് ആ പേരുണ്ടായത്.റിയോ ഡി ലാ പ്ലാറ്റ ഒരു വെള്ളി നദിയാണെന്നും അതിനപ്പുറം ഒരു വെള്ളിമലയുണ്ടെന്നും സ്പാനിഷുകാർ കരുതി. അന്ന് തുടങ്ങിയ അധിനിവേശം 1816 വരെ തുടർന്നു – നീണ്ട മുന്നൂറ് വർഷം.
തമാശയെന്താണെന്ന് വെച്ചാൽ, അർജൻറീനയുടെ ദേശീയ കായിക വിനോദം പാറ്റോ എന്ന പേരിലറിയപ്പെടുന്ന ഒരു തരം കുതിരപ്പോളോയാണ്.അപ്പോൾ ഫുട്ബോളോ ..? റൊസാരിയോ തെരുവിൽ പന്ത് തട്ടിക്കളിക്കുന്ന കൊച്ചു കുഞ്ഞുമുതൽ എക്കാലത്തേയും വലിയ ഇതിഹാസ താരമായ ദ്യോഗോ മാറഡോണ വരെ ഈ ചോദ്യം കേട്ടാൽ ചിരിച്ചു പോകും – അത് നമ്മുടെ ജീവിതമല്ലേ സഖാവേ എന്ന മട്ടിൽ.
അതു കൊണ്ടാണ്, അർജന്റീന കളിക്കുമ്പോൾ അത് ഒരു കളിയ്ക്കുമപ്പുറം പലതുമാകുന്നത്. കളിക്കളം, ഒരു ഓർക്കസ്ട്രയുടെ മൈതാനമാകുന്നത്. വായുവിലൂടെ പറന്നു വന്ന ഒരു ഹൈബാളിനെ വലം തുടകൊണ്ട് പിടിച്ച്, നിലത്ത് വീഴും മുൻപ് അതിനെ ഇടം കാൽ കൊണ്ടുയർത്തി വീണ്ടും വലതുകാലിന്റെ മടമ്പ് കൊണ്ട് ഗോൾവലയിലേക്ക് പായിയ്ക്കുന്ന അത്ഭുതകരമായ രസവിദ്യ ,ഒരു അർജന്റീനക്കാരന് മാത്രം സാദ്ധ്യമാകുന്നതാണെന്ന് വെറുതേ കരുതിപ്പോകുന്നു നാം. അത്രമേൽ തീവ്രമാണ് ഫുട്ബോളിന്റെ അപരനാമങ്ങളിലൊന്നായി അറിയപ്പെടാനുള്ള അർജന്റീനയുടെ നിയോഗം. ജയപരാജയങ്ങൾക്ക് അതിൽ ഒരു കാര്യവുമില്ല. ജീവിതം ജീവിയ്ക്കാനുള്ളതാണ് എന്ന പോലെ ഫുട്ബോൾ കളിക്കാനുള്ളതുമാണ്.
വീണ്ടുമൊരു ‘മാരക്കാനോസ്’ ബ്രസീലുകാർ എങ്ങിനെ സഹിക്കുമോ എന്തോ? ആയിരത്തിത്തൊള്ളായിരത്തി അൻപതിൽ, ബ്രസീലുകാരെ സംബന്ധിച്ചെങ്കിലും ഇതുപോലൊരു ശപിക്കപ്പെട്ട ദിവസത്തിലാണ് യുറുഗ്വായ് അവരുടെ കഥ കഴിച്ചത്. ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലായിരുന്നു അത്. രണ്ട് ഗോൾ വഴങ്ങിയ തങ്ങളുടെ ഗോളി മോയിസർ ബാർബോസക്ക് അവരൊരിക്കലും മാപ്പ് നൽകിയില്ല. പ്രതിഭാശാലിയായിരുന്നു ബാർബോസ. കൈയ്യുറകൾ ധരിക്കാതെ, വർഷങ്ങളോളം ബ്രസീലിന്റെ വല കാത്ത അയാൾ ,വെടിയുണ്ട പോലുള്ള എത്രയോ ഷോട്ടുകളെ തടഞ്ഞിട്ടവനാണ്. എന്നിട്ടും അനിവാര്യമായ ആ ദുരന്തം സംഭവിക്കുക തന്നെ ചെയ്തു. അന്ന്, നിർണ്ണായകമായ ആ ദിവസത്തിൽ അയാൾ തോറ്റുപോയി. മോശം ടീമായിരുന്നില്ല യുറുഗ്വായ്. അതൊന്നും പക്ഷേ, ബാർബോസയോട് ക്ഷമിക്കാൻ ബ്രസീലുകാർക്ക് ഒരു കാരണമായില്ല. ബ്രസീലിന്റെ സാമൂഹ്യജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി മോയിസർ ബാർബോസ നിഷ്കാസിതനായി. പതിറ്റാണ്ടുകൾക്ക് ശേഷം ഏകാകിയും ദു:ഖിതനുമായാണ് അയാൾ മരിച്ചത്. ഫുട്ബോളിൽ ഒരു കളിക്കാരന്റെ ജീവിതം അങ്ങിനെയാണ്. തിരമാലകളാൽ ഉയർത്തപ്പെടുന്നവർ, ക്ഷണനേരം കൊണ്ട് മൺവെട്ടികളാൽ കുഴിച്ചുമൂടപ്പെടും. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ കളിക്കളം വിടുമ്പോൾ നെയ്മർ , ബാർബോസയെ ഓർത്തു കാണുമോ? കാരണം, ചുരുങ്ങിയത്അ യാൾക്കെങ്കിലുമറിയാം, ഓരോ ബ്രസീലിയന്റേയും ഹൃദയം ഒരു തുകൽ പന്തിന്റെ രൂപഭാവങ്ങളോടെ നിർമ്മിക്കപ്പെട്ടതാണ് എന്ന്. അതോ തിരിച്ചായിരിക്കുമോ? ഇരുപത്തിരണ്ട് പേർ പിറകെ പായുന്ന ഓരോ പന്തിനുള്ളിലും ഒരു ബ്രസീലുകാരന്റെ/കാരിയുടെ ഹൃദയം ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകുമോ ? അറിഞ്ഞു കൂടല്ലോ നമുക്ക്. ദൈവമേ…ഒരു പന്തും രഹസ്യങ്ങൾ പുറത്തുവിടാത്തതിന്റെ കാരണമെന്താകാം..?
അപ്പുറത്ത്, വെറുതേ ഒന്നോർത്തു നോക്കൂ – എന്തു ചെയ്യുകയായിരിക്കാം അർജൻറീന ഇപ്പോൾ ? പതിറ്റാണ്ടുകൾക്ക് ശേഷം മെസ്സിയും കൂട്ടരും കൊണ്ടുവന്ന വിശ്രുതമായ ഒരു വിജയത്തെ വരവേൽക്കാൻ , അവിടുത്തെ ജനങ്ങൾ മുഴുവൻ ഇപ്പോൾ തെരുവുകളിലിറങ്ങിക്കാണും. ബ്യൂണസ് ഐറിസിലും, ലാ പ്ലാറ്റയിലും, ബഹിയ ബ്ലാക്കയിലും, റൊസാരിയോയിലുമെല്ലാം ജനം ആനന്ദത്താൽ ആടിത്തിമർക്കുകയായിരിക്കും. പാറ്റഗോണിയൻ പുൽപ്രദേശങ്ങളിൽ താമസിക്കുന്ന ഗൗച്ചോകൾ, തങ്ങളുടെ കാസ്റ്റലോണിയൻ സ്പാനിഷ് ഭാഷയിൽ എന്തൊക്കെയാ വിളിച്ചു പറയുന്നുണ്ടാകും. അവർ ധരിക്കുന്ന ബോംബച്ചാസ് എന്ന അയഞ്ഞ ട്രൗസറിന് മുകളിൽ മെസ്സിയുടേയും ഡി മരിയയുടേയും ചിത്രങ്ങൾ പതിച്ചിട്ടുണ്ടാകും. താംഗോ സംഗീതവും ഗാനങ്ങളുമായി ലൂയി ബോർഹസിന്റെ നാട്ടുകാർ ഈ രാത്രി വെളുപ്പിക്കുമായിരിക്കും. തെരുവിൽ കണ്ടുമുട്ടുന്ന ഓരോ അപരിചിതർക്കും തങ്ങളുടെ പരമ്പരാഗത പാനീയമായ ‘മാറ്റെ’ യും , ഡൽസി ഡി ലെച്ചെയെന്ന മധുരക്കുഴമ്പ് പുരട്ടിയ റൊട്ടിയും അവർ സ്റ്റേഹത്തോടെ വാഗ്ദാനം ചെയ്യുമായിരിക്കും. കാരണമൊന്നേയുള്ളൂ അതിന്. പന്തുകളിയിലെ വിജയം ഏതൊരു ലാറ്റിനമേരിക്കക്കാരനും മറ്റേത് വിജയത്തേക്കാളും പ്രാധാന്യമേറിയതാണ്തന്റെ നാടും നഗരങ്ങളും ഉറങ്ങാതിരിക്കുന്ന ഈ രാത്രിയിൽ ലെയണൽ മെസ്സി ഒരു കുഞ്ഞിനെപ്പോലെ ശാന്തമായുറങ്ങുമായിരിക്കും. ക്രോസ് ബാറിന് മുകളിലൂടെ പാഞ്ഞുപോയ ഒരു പന്തിന്റെ നിലവിളി ഈ രാത്രിയിലെങ്കിലും അയാളെ ശല്യം ചെയ്യില്ല. അങ്ങ് , അറ്റ്ലാന്റിക്കിന്റെ തീരത്തുള്ള ഏതെങ്കിലുമൊരു കൊച്ചു ഗ്രാമത്തിൽ നിന്നുയരുന്ന ആർപ്പുവിളികളോടും , ഇങ്ങ് കേരളത്തിലെ തെരുവുകളിൽ പ്രത്യക്ഷപ്പെടുന്ന കൂറ്റൻ കട്ടൗട്ടുകൾക്ക് പിറകിലെ പ്രാർത്ഥനകളോടും അയാളുടെ ബൂട്ടുകൾ ഇന്ന് പ്രായശ്ചിത്തം ചെയ്തു. ഒരേ ശബ്ദത്തിൽ ഭൂഗോളം മുഴുവൻ തിരിയുന്നൊരു പന്തിനെപ്പോലെ മെസ്സീ… മെസ്സീ… എന്നാർത്തുവിളിക്കുന്നത് ഒരു വൃന്ദവാദ്യം പോലെ അയാൾക്കിന്ന് കേൾക്കാനാകും. തീർച്ചയായും ഈ സായാഹ്നം അയാൾ അർഹിക്കുന്നുണ്ട്.
ആര് തോൽക്കുന്നു എന്നതല്ല; ഫുട്ബോൾ ജയിക്കുന്നു എന്നതാണ് പ്രധാനം. ഓരോ കളിയിലേയും കാര്യം അതാണ്. പതിറ്റാണ്ടുകൾക്ക് മുൻപ്, പെലെയുടെ കളി കാണാൻ , യുദ്ധം ചെയ്തു കൊണ്ടിരുന്ന രണ്ട് ആഫ്രിക്കൻ രാജ്യങ്ങളെക്കൊണ്ട് 48 മണിക്കൂർ വെടിർത്താൻ പ്രേരിപ്പിച്ച മോഹനമായ ചരിത്രമുണ്ട് ഫുട്ബോളിന്. ഒരൊറ്റ ബോളിൽ അത് ഹൃദയങ്ങളെ കോർത്തു വെയ്ക്കും. അതുകൊണ്ട് തുകൽപ്പന്തിന്റെ യാത്രകൾ ഇനിയുമിനിയും തുടരട്ടെ. കണ്ണീരും പുഞ്ചിരിയും ഇടകലർന്ന്, വൻകരകളിൽ നിന്ന് വൻകരകളിലേക്ക് അതങ്ങിനെ ഒഴുകിപ്പടരട്ടെ. തപ്തമായ മനസ്സുകളിൽ കാറ്റു നിറഞ്ഞ പന്തുകളുടെ സംഗീതം മഴ പോലെ പെയ്തിറങ്ങട്ടെ. മനുഷ്യർ പരസ്പരം സ്നേഹിച്ചു ജീവിക്കുന്ന ഭാവിയിലേക്ക് ഒരു പന്തിനെപ്പോലെ ലോകം ഉരുണ്ടുരുണ്ടു പോയിരുന്നെങ്കിൽ…
അവസരങ്ങൾ എത്ര തവണ വന്നു ചേർന്നാലും ഭാഗ്യം എന്ന രണ്ടക്ഷരം ഉണ്ടായിട്ടു തന്നെയാണ് ഏതു ടീമും ഇന്നുവരെ വിജയിച്ചിട്ടുള്ളത്. ഇന്ന് നാം അത് കാണുകയും ചെയ്തു ഇന്ന് ഭാഗ്യം തുണച്ചത് അർജന്റീന എന്ന നീലാകാശ പറവകൾക്കൊപ്പം ആർക്കും തടുക്കാൻ കഴിയില്ല ഭാഗ്യദേവത അവർക്കൊപ്പം നിന്നു.
ബ്രസിൽ സമനില ഗോൾ അടിച്ചത് ഫുഡ്ബോൾ ആരാധകർ ഞെട്ടലോടെയാണ് കണ്ടത് അപ്പോഴാണ് ഭാഗ്യത്തിന്റെ രൂപത്തിൽ: എംപയർ ഓഫ് സൈഡ് കൊടിയുമായ് വരുന്നത്. അതാണ് ഫുഡ്ബോൾ ഭാഗ്യ ഗെയിം ആണെന്ന് ഉറപ്പിച്ച് പറയുവാൻ കാരണം…
Total Views: 186 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *