Advertisement

ഇന്ന് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്; പഠിപ്പുമുടക്ക് സമരം തിരുവനന്തപുരം ജില്ലയിൽ

തിരുവനന്തപുരത്ത് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

KSU Vidhyabhyasa Bandh 2025: ഗവർണർക്കെതിരായ പ്രതിഷേധത്തിനിടെ ആർഎസ്എസ്സുകാർ മർദ്ദിച്ചെന്ന് ആരോപിച്ചാണ് തിരുവനന്തപുരത്ത് പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ചത്

തിരുവനന്തപുരത്ത് കെ എസ് യു വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരത്ത് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച കെഎസ്‍യു പ്രവര്‍ത്തകരെ ആർഎസ്എസ് യുവമോർച്ച പ്രവർത്തകർ മർദ്ദിച്ചെന്നാരോപിച്ചാണ് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർക്കെതിരായ പ്രതിഷേധത്തില്‍ കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ഗോപു നെയ്യാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മര്‍ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഇന്നലെ നടന്ന പരിപാടിക്കെതിരെയാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം വെച്ചിരുന്നു. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ എസ്എഫ്ഐ, കെഎസ്‍യു പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.

പരിപാടിയിൽ മതചിഹ്നം ഉപയോഗിക്കുന്നത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ച് രജിസ്ട്രാറും ചിത്രം മാറ്റണമെന്ന നിലപാടെടുത്തു. അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്ന് പരിപാടി റദ്ദാക്കിയതായി അറിയിപ്പും വന്നു. എന്നാൽ പരിപാടിയിൽ പങ്കെടുക്കുമെന്ന് രാജ്ഭവൻ നിലപാടെടുക്കുയും ഗവർണർ ഇവിടേക്ക് എത്തുകയും ചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചത്.

പ്രതിഷേധത്തിനിടെ ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്കെതിരെ അക്രമം നടന്നെന്നാണ് കെഎസ്‍യു പറയുന്നത്. ‘കേരള സർവകലാശായെ കാവിവത്കരിച്ച ഗവർണർക്കെതിരെ പ്രതിഷേധിച്ച കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് ഗോപു നെയ്യാർ അടക്കമുള്ള കെഎസ്‍യു ഭാരവാഹികൾക്ക് നേരെ ആർഎസ്എസ് – യുവമോർച്ച ഗുണ്ടകളുടെ അക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിക്കുന്നു.’ കെഎസ്‍യു പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രതിഷേധം തുടരുന്നതിനിടെ തന്നെ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ യോഗ വേദിയിലേക്ക് എത്തി. വിവാദ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. കനത്ത പോലീസ് സുരക്ഷയിലാണ് ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുത്തത്. ഈ സമയം സര്‍വകലാശാലയുടെ പുറത്ത് പ്രതിഷേധവുമായി എസ്എഫ്ഐ, പ്രവർത്തകർ എത്തുകയായിരുന്നു.

ഗവർണറുടെ പരിപാടിക്കെതിരെ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ സമയത്ത് വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം വകവെയ്ക്കാതെ ഗവര്‍ണര്‍ സെനറ്റ് ഹാളില്‍ പ്രവേശിച്ചു. തൊട്ടുപിന്നാലെ സെനറ്റ് ഹാളിൻ്റെ വാതില്‍ പോലീസ് അടയ്ക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഗവര്‍ണര്‍ ‘ഭാരതാംബ’ ചിത്രത്തിന് മുന്നില്‍വെച്ച വിളക്ക് കത്തിച്ചത്. പരിപാടികഴിഞ്ഞ ഉടനെ പുറകുവശം വഴിയാണ് ഗവർണർ തിരികെ മടങ്ങിയത്.