തൃശൂരിലെ ലുലു മാൾ നിർമ്മാണത്തിനെതിരെ കേസ് നൽകിയത് സിപിഐ നേതാവ്. സിപിഐ വരന്തരപ്പിള്ളി മുൻ ലോക്കൽ സെക്രട്ടറി ടി എൻ മുകുന്ദനാണ് പരാതി നൽകിയത്. പരാതി നൽകിയത് വ്യക്തിപരമായാണെന്നാണ് മുകുന്ദന്റെ വിശദീകരണം.
പരാതി നൽകിയത് വ്യക്തിപരമായാണ്. പാർട്ടിക്കതിൽ പങ്കില്ല. താൻ പാർട്ടി അംഗമാണ്. നെൽവയൽ പരിവർത്തനപ്പെടുത്തിയതിനെതിരെയാണ് പരാതി നൽകിയത്. സമ്പന്നനും സാധാരണക്കാരനും ഒരേ നീതി വേണം എന്ന് കരുതിയാണ് കേസു നടത്തുന്നത്. ഹൈക്കോടതിയിൽ വാദം പൂർത്തിയായി വിധി പറയാനായി വച്ചിരിക്കുകയാണ് കേസ് ഇപ്പോഴെന്നും മുകുന്ദൻ പറഞ്ഞു.
2001 മുതൽ 2005 വരെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗവും അവസാന 18 മാസം പ്രസിഡന്റും ആയിരുന്നു മുകുന്ദൻ. നിലവിൽ സിപിഐ ലോക്കൽ കമ്മിറ്റി അംഗമാണ്. അഖിലേന്ത്യ കിസാൻ സഭ തൃശൂർ ജില്ലാ കമ്മിറ്റി അംഗവും പുതുക്കാട് മണ്ഡലം സെക്രട്ടറിയുമാണ്. തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നത് ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടൽ കാരണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞത് സംസ്ഥാനത്ത് ചർച്ചയായിരുന്നു. രണ്ടര വർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർപ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു രാഷ്ട്രീയ പാർട്ടിയിലുള്ള ആൾ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണെന്നും 3,000 പേർക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ് തൃശൂരിലെ ലുലു ഷോപ്പിങ്ങ് മാളിലൂടെ മുന്നോട്ട് വച്ചതെന്നും യൂസഫലി പറഞ്ഞു. തൃശൂർ ചിയ്യാരത്ത് തൃശ്ശൂർ മാനേജ്‌മെന്റ് അസോസിയേഷൻ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാൾ നിർമ്മിക്കാൻ സ്ഥലം ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങിയ ഘട്ടത്തിലാണ് ലുലുവിനെതിരെ കേസ് കൊടുത്തത്. ഇപ്പോഴും ആ കേസ് ഹൈക്കോടതി പരിഗണനയിലാണ്. രണ്ടരവർഷമായി ആ കേസ് മുന്നോട്ട് പോകുകയാണ്. ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കിൽ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആ തടസ്സങ്ങൾ മാറിയാൽ തൃശൂരിൽ ലുലുവിന്റെ മാൾ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.