
സംസ്ഥാന സർക്കാരിൻ്റെ ഓണസമ്മാനമായി സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. 62 ലക്ഷത്തോളം പേർക്കാണ് ഓണം പ്രമാണിച്ച് 3200 രൂപവീതം ലഭിക്കുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 1679 കോടി രൂപ അനുവദിച്ചു.
തിരുവനന്തപുരം: സർക്കാരിൻ്റെ ഓണസമ്മാനമായി ക്ഷേമ പെൻഷൻ നാളെ മുതൽ അക്കൗണ്ടിലെത്തും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണസമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. സാമൂഹ്യസുരക്ഷ – ക്ഷേമനിധി പെൻഷൻ വിതരണത്തിനായി 1679 കോടി രൂപ അനുവദിച്ചു.
62 ലക്ഷത്തോളം പേർക്കാണ് ഓണം പ്രമാണിച്ച് 3200 രൂപവീതം ലഭിക്കുന്നത്. ഓഗസ്റ്റിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശ്ശിക കൂടിയാണ് അനുവദിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. ശനിയാഴ്ച മുതൽ ഇത് ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.
ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടതാണെന്ന് ധനമന്ത്രി പറഞ്ഞു.











