
Consumerfed Onam Fair 2025: 13 നിത്യോപയോഗ സാധനങ്ങൾ വാങ്ങുമ്പോൾ 572 രൂപ ലാഭിക്കാൻ കഴിയുന്ന തരത്തിലാണ് കൺസ്യൂമർഫെഡിൻ്റെ ഓണം വിപണി പ്രവർത്തനം ആരംഭിക്കുക
കൊച്ചി: കൺസ്യൂമഫെഡിൻ്റെ ഈ വർഷത്തെ സഹകരണ ഓണം വിപണി ഓഗസ്റ്റ് 26 ചൊവ്വാഴ്ച ആരംഭിക്കും. സെപ്റ്റംബർ നാലുവരെയാണ് വിപണി പ്രവർത്തിക്കുക. സംസ്ഥാനത്തെ ത്രിവേണി സ്റ്റോറുകളിലും സഹകരണ സംഘങ്ങളുടെ സ്റ്റോറുകളിലുമായി 1800 ഓണം വിപണികളാണ് പ്രവർത്തിക്കുക. പൊതുവിപണിയിൽ 1843 രൂപയ്ക്ക് ലഭിക്കുന്ന സാധനങ്ങൾ 1270.10 രൂപയ്ക്കാണ് ലഭ്യമാവുക.
ഇത്തവണത്തെ കൺസ്യൂമർഫെഡ് ചന്തകളിലും 13 ഇന നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡി നിരക്കിൽ ലഭിക്കും. അവശ്യ നിത്യോപയോഗസാധനങ്ങൾ (നോൺ- സബ്സിഡി ഇനങ്ങൾ) പൊതുമാർക്കറ്റിനേക്കാൾ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിൽ ലഭ്യമാക്കുമെന്നും കൺസ്യൂമർഫെഡ് ചെയർമാൻ പിഎം ഇസ്‌മയിൽ പറഞ്ഞു.
പച്ചക്കറി ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളും ഒരുകുടക്കീഴിൽ ലഭിക്കും. വിപണനകേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ കഴിഞ്ഞ വർഷങ്ങളിലേതിന് സമാനമായ മുൻകൂർ കൂപ്പൺ നൽകും. ഇതിനായി സമയക്രമവും അനുവദിക്കും. കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ നേരിട്ട് ഉൽപ്പാദിപ്പിക്കുന്ന, 75 കോടി രൂപയുടെ വെളിച്ചെണ്ണ ഗുണനിലവാരം ഉറപ്പാക്കി ഓണവിപണികളിൽ എത്തിച്ചു. കൺസ്യൂമർഫെഡ് ഓണക്കാലത്ത് 300 കോടിയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നതെന്നും പിഎം ഇസ്‌മയിൽ പറഞ്ഞു.
കൺസ്യൂമർഫെഡ് ഓണം വിപണിയുടെ സംസ്ഥാന ഉദ്‌ഘാടനം ഓഗസറ്റ് 26ന് വൈകിട്ട് അഞ്ച് മണിയ്ക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണമന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.
കൺസ്യൂമർഫെഡ് ഓണം വിപണി എവിടെയൊക്കെ?
ത്രിവേണി സൂപ്പർമാർക്കറ്റുകൾ, ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോറുകൾ, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ, പിന്നാക്ക മേഖലയിൽ പ്രവർത്തിക്കുന്ന എസ് സി എസ്ടി സംഘങ്ങൾ, ഫിഷർമെൻ സഹകരണ സംഘങ്ങൾ എന്നിവയിലൂടെ 1800 പ്രത്യേക വിപണന കേന്ദ്രങ്ങളാണുള്ളത്.
13 ഇനങ്ങളും വിലയും (പൊതു വിപണി വിലയും)
- ജയ അരി 33 (47)
- കുറുവ അരി 33 (47)
- കുത്തരി 33 (47)
- പച്ചരി 29 (42)
- പഞ്ചസാര 34 (45)
- ചെറപുയർ 90 (127)
- വൻകടല 65 (110)
- ഉഴുന്ന് 90 (126)
- വൻപയർ 70 (99)
- തുവരപരിപ്പ് 93 (130)
- മുളക് 115 (176)
- മല്ലി (500 ഗ്രാം) 40.95 (59)
- വെളിച്ചെണ്ണ 349 (510)











